കൊട്ടിയൂർ: ചപ്പമലയിലെ കുടിയൊഴിയാൻ സന്നദ്ധരായി റീലൊക്കേഷൻ പദ്ധതിയിൽ അപേക്ഷ നൽകിയ കർഷകർക്ക് സർക്കാർ പറഞ്ഞവ്യവസ്ഥ പ്രകാരം എത്രയും പെട്ടെന്ന് പണം നൽകണമെന്ന് കർഷകരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ പഞ്ചായത്ത് ആവശ്യപ്പെട്ടു. കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിൽ പ്രസിഡൻ്റ് റോയ് നമ്പുടാകത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭരണസമിതിയുടെ നിർദ്ദേശം അറിയിച്ചത്. തുടർ നടപടികൾ പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയോടെ നടത്തുന്നതിനായി ഒൻപതംഗ ഉപഭോക്തൃസമിതിയെ തിരഞ്ഞെടുത്തു. സമിതിയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തിൻ്റെ തീരുമാനങ്ങളോടെയും സഹകരണത്തോടെയും മാത്രമായിരിക്കും.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പദ്ധതി സംബന്ധിച്ച് കർഷകർ ഉന്നയിച്ച പല ചോദ്യങ്ങൾക്കും ഉത്തരം ലഭ്യമായില്ല. റീച്ച് തിരിച്ച് ഭൂമി ഏറ്റെടുക്കാൻ വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് വനം വകുപ്പ് മറുപടി നൽകി. വനത്തോട് ചേർന്നു കിടക്കുന്ന ഭൂമി ഏറ്റെടുക്കാതെ അകലെയുള്ള ഭൂമി ഏറ്റെടുത്ത് പണം നൽകിയതിലെ സാങ്കേതികത്വം വിശദീകരിക്കാൻ വനം വകുപ്പിനായില്ല. അളവും രേഖ തയാറാക്കലും ലാൻ്റ് റവന്യു വകുപ്പിൻ്റെ ചുമതലയാണെന്ന് പറഞ്ഞ് ചില ചോദ്യങ്ങളിൽ നിന്ന് വനം വകുപ്പ് ഒഴിഞ്ഞുമാറി. ഇതുവരെയുള്ള നടപടികൾക്കായി പഞ്ചായത്തിനെ ചേർക്കാതെ കമ്മിറ്റിയെ നിശ്ചയിച്ചതും ഫെസിലിറ്റേറ്ററെ നിയോഗിച്ചതും ആരെന്നും ആരുടെ താൽപര്യപ്രകാരമെന്നും വനം വകുപ്പ് വിശദീകരിച്ചില്ല. 2026 മുൻപ് പദ്ധതിയിൽ ചേർന്നവർക്ക് പണം നൽകണമെന്ന് പഞ്ചായത്ത് നിർദ്ദേശിച്ചു. ഭൂമി ഏറ്റെടുക്കുന്നത് വനം വകുപ്പല്ല എന്നും ലാൻ്റ് റവന്യൂ വകുപ്പാണെന്നും നടപടി ക്രമങ്ങൾ സുഗമമാക്കൻ മാത്രമാണ് വനം വകുപ്പിൻ്റെ ഉത്തരവാദിത്വമെന്നും ഉള്ള ഒഴിവ് കഴിവുകൾ പറഞ്ഞ് വനം വകുപ്പ് നിസംഗത അറിയിച്ചു.ഇടയ്ക്ക് ബഹളമുണ്ടായെങ്കിലും പഞ്ചായത്തംഗങ്ങൾ ഇടപെട്ട് പ്രശ്നങ്ങൾ ശമിപ്പിച്ചു.
എന്നാൽ നവികിരണം എന്ന് പേര് മാറ്റിയ റീ ലൊക്കേഷൻ പദ്ധതി സംബന്ധിച്ച ദുരൂഹത വർധിക്കുകയാണ്. എന്തിനാണ് കൊട്ടിയൂർ പഞ്ചായത്തിൽ മാത്രം സർക്കാർ ഭൂമി ഏറ്റെടുക്കുന്നത്, എത്രയാണ് അതിനായി മാറ്റി വച്ചിട്ടുള്ള തുക, ഭൂമി ഏറ്റെടുക്കുന്നത് വനം വകുപ്പാണോ, ഇതു വരെയുള്ള നടപടികളിൽ പറ്റിയ പാളിച്ചകളിൽ എന്ത് നടപടി ഉണ്ടാകും, എന്തുകൊണ്ട് സുതാര്യതയില്ലാതെ പദ്ധതി നടപ്പിലാക്കുന്നു എന്ന് തുടങ്ങി നിരവധി സംശയങ്ങൾ കർഷകർ ഉയർന്നു. ഒന്നുമറിയില്ല എന്ന ഭാവത്തിൽ കൈ മലർത്തുകയോ ലാൻഡ് റവന്യൂ വകുപ്പിനെ പരാമർശിക്കുകയോ ചെയ്താണ് വനം വകുപ്പ് ഇപ്പോൾ ഒഴിഞ്ഞു മാറുന്നത്. സർക്കാരിനും വനം വകുപ്പിനും എന്തോ മറയ്ക്കാനുണ്ട്.
Navakiranam with extreme mystery. Kotiyur panchayat has asked the forest department to pay the full amount to the applicants as soon as possible